Sunday, July 30, 2017

Semicentennial of the death of Mgr. Jacob V. Naduvathucherry

മോണ്‍. ജേക്കബ് നടുവത്തുശ്ശേരി സ്മരണയ്ക്ക് അര ശതാബ്ദം

-- പ്രൊഫ. മാത്യു ഉലകംതറ, Aug. 2017


അച്ചടിമാധ്യമരംഗത്ത് അവിസ്മരണീയ സംഭാവനകള്‍ നല്കിയ മോണ്‍. ജേക്കബ് നടുവത്തുശ്ശേരി ദിവംഗതനായിട്ട് 2017 ജൂലൈ 30-ാം തീയതി 50 കൊല്ലം തികയുന്നു. മതധാര്‍മികചിന്തകളുടെ പോഷണത്തിനു മലയാളത്തില്‍ ആദ്യമായി ഒരു ചെറുകഥാമാസിക ആരംഭിച്ചതു നടുവത്തുശ്ശേരിലച്ചനാണ്. 1925-ല്‍ “കഥാ ചന്ദ്രിക” എന്ന പേരിലാരംഭിച്ച ചെറുകഥാമാസിക ആയിനത്തില്‍ ആദ്യത്തേതാണ്. 1927 ജൂലൈ 3-ന് സെന്‍റ് തോമസ് ദിനത്തില്‍ ആരംഭിച്ച “സത്യദീപം” വാരികയെക്കുറിച്ചും ഇതുതന്നെയാണു പറയേണ്ടത്. അതിനുമുമ്പു കേരളത്തില്‍ ഒരു ക്രൈസ്തവ-കത്തോലിക്കാ-മതവാരിക ഉണ്ടായിരുന്നില്ല. അതിന്‍റെ സ്ഥാപകപത്രാധിപരും മറ്റാരുമായിരുന്നില്ല.

ഫാ. ജേക്കബ് നടുവത്തുശ്ശേരി, ഫാ. ജോസഫ് പഞ്ഞിക്കാരന്‍ എന്നിവരെയാണ് മെത്രാപ്പോലീത്താച്ചന്‍ കണ്ടത്തില്‍ ആഗുസ്തിനോസ് പിതാവു് സത്യദീപത്തിന്‍റെ ചുമതല ഏല്പിച്ചത്. തൂലികാവ്യാപാരവും ആഫീസ് പ്രവര്‍ത്തനവും നടുവത്തുശ്ശേരിലച്ചനും ഫീല്‍ഡ് വര്‍ക്ക് ധ്യാനഗുരുവായ പഞ്ഞിക്കാരനച്ചനുമായിരുന്നു എന്നു പറയാം.
പുതിയ സംഗീതോപകരണങ്ങളും റേഡിയോ-ടെലിവിഷന്‍ ചലച്ചിത്രഗാന പരമ്പരകളും തിരതല്ലുന്ന ഇക്കാലത്തുപോലും നിലനില്ക്കുന്ന അനേകം ക്രൈസ്തവ ഭക്തിഗാനങ്ങള്‍ നടുവത്തുശ്ശേരിലച്ചന്‍ രചിച്ചിട്ടുണ്ട്. ചാലങ്ങാടി തോമ്മാക്കത്തനാരുമൊരുമിച്ചു നടുവത്തുശ്ശേരിലച്ചന്‍ പ്രസിദ്ധപ്പെടുത്തിയ ‘വിശുദ്ധഗീതമാല” ഇന്നു പഴയ പുസ്തകശേഖരങ്ങളില്‍ കാണും. നടുവത്തുശ്ശേരിലച്ചന്‍ എഴുതിയ പാട്ടുകളുടെ താഴെ ന. യാ.ക. (നടുവത്തുശ്ശേരില്‍ യാക്കോബ് കത്തനാര്‍) എന്ന കുറിപ്പു കാണാം. “ആദിത്യപ്രഭപോല്‍ ശോഭിക്കും നാഥേ…, ഈശോയേ അങ്ങേ ആരാധിക്കുന്നേന്‍…, എത്ര നല്ലീശോനാഥാ…, മോക്ഷത്തിന്‍ രാജാവേ ലോകാധികര്‍ത്താവേ…. എന്നിങ്ങനെ നിത്യസ്മരണാര്‍ഹങ്ങളായ ഒട്ടധികം ഗാനങ്ങള്‍ വിശുദ്ധ ഗീതമാലയില്‍ ന.യാ.ക. എന്ന കുറിപ്പിനു മുകളില്‍ കാണാം.

കത്തോലിക്കരുടെ വകയായി ബൈബിള്‍ വിവര്‍ത്തനങ്ങള്‍പോലും ഉണ്ടാകുന്നതിനു മുമ്പു മതബോധനഗ്രന്ഥമെന്ന നിലയില്‍ 1926-ല്‍ അദ്ദേഹമെഴുതിയ “ഈശോമിശിഹായുടെ ജീവചരിത്രം” മലയാള സാഹിത്യത്തിനു ലഭിച്ച ഒരു വിശിഷ്ട സംഭാവനയാണെന്നു സാഹിത്യകുശലന്‍ ടി. കെ. കൃഷ്ണമേനോന്‍ അതിന്‍റെ അവതാരികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ ലൈബ്രറികളില്‍ ഒട്ടധികം തെരച്ചില്‍ നടത്തി അതിന്‍റെ ഒരു കോപ്പി കണ്ടെടുത്തു സചിത്രവിവരണങ്ങളോടുകൂടി സെന്‍റ് പോള്‍ പ്രസിദ്ധീകരണശാലയില്‍ നിന്നു നല്ലൊരാമുഖം എഴുതിച്ചേര്‍ത്തു പ്രസിദ്ധീകരിച്ചത് ഈ ലേഖകനാണ്. എന്‍റെ ‘ക്രിസ്തുഗാഥ’യ്ക്കുതന്നെ പ്രചോദനമരുളിയ ഒരു ജീവചരിത്രമാണത്. തദനന്തരം 28 കൊല്ലങ്ങള്‍ക്കുശേഷമാണു പരി. കന്യകാമറിയത്തെക്കുറിച്ചുള്ള സഭാപഠനത്തിന്‍റെ യുക്തിഭദ്രത തെളിയിക്കുന്ന സ്വര്‍ഗരാജ്ഞി (1954) എന്ന ഗ്രന്ഥം അദ്ദേഹം എഴുതിയത്.

യുക്തിയും വിശ്വാസവും തമ്മില്‍ ബന്ധിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു ഒരു ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടല്ലോ. അതിനു മുക്കാല്‍ നൂറ്റാണ്ടുമുമ്പു കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനം ആരംഭിച്ച കാലത്തു യുക്തിവാദിസംഘം പ്രസിഡന്‍റായിരുന്ന എം.സി. ജോസഫിന്‍റെ ഇരിങ്ങാലക്കുടയിലുള്ള വസതിക്കു സമീപം പോയി നടുവത്തുശ്ശേരിലച്ചന്‍ ചെയ്ത പ്രസംഗങ്ങളുടെ സമാഹാരമാണു “യുക്തിയില്‍ നിന്നു വിശ്വാസത്തിലേക്ക്” എന്ന ഗ്രന്ഥം. കത്തോലിക്കാ വിശ്വാസത്തിന്‍റെ യുക്തിഭദ്രത തെളിയിക്കുന്ന – ആധികാരികരേഖകള്‍ നിറഞ്ഞ മറ്റൊരു ഗ്രന്ഥം മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതിനൊരു പുതിയ പതിപ്പു പ്രസിദ്ധപ്പെടുത്താന്‍ നമ്മുടെ പ്രസാധകന്മാര്‍ക്കു കഴിയാത്തതോര്‍ത്തു ഖേദിക്കുന്നു.

സ്റ്റാലിന്‍റെ ഭരണകാലത്തു വിദേശത്തുനിന്നു വിശിഷ്ടാതിഥികളെ കൊണ്ടുപോയി ഓരോന്നു കാണിച്ചു സല്കരിച്ച് അവരെക്കൊണ്ടു റഷ്യന്‍ സ്തുതിഗീതങ്ങളെഴുതിക്കുന്നതിനെക്കുറിച്ചു സി. അച്യുതമേനോന്‍ എഴുതിയിട്ടുണ്ടല്ലോ. അതിനുമുമ്പു മഹാകവി വള്ളത്തോള്‍ ആ കുരുക്കില്‍പ്പെട്ടു. വള്ളത്തോളിന്‍റെ റഷ്യന്‍ പ്രകീര്‍ത്തനങ്ങള്‍ക്കു മറുപടിയായി മോണ്‍. നടവത്തുശ്ശേരി എഴുതിയ “വള്ളത്തോള്‍ കണ്ട റഷ്യ” എന്ന ഗ്രന്ഥം തുല്യപ്രാധാന്യമര്‍ഹിക്കുന്നതാണ്. അതിന്‍റെ ഗവേഷണമൂല്യവും സത്യനിഷ്ഠയും തെളിയുന്നതു ഗോര്‍ബെച്ചേവിന്‍റെ കാലശേഷമാണെങ്കിലും നടുവത്തുശ്ശേരിലച്ചന്‍റെ ഗവേഷണപ്രതിഭയ്ക്ക് അതൊരു തെളിവായി ശോഭിക്കുന്നു. കമ്യൂണിസത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളെയും പ്രായോഗിക ഭീകരതകളെയുംകുറിച്ചു സത്യദീപത്തിന്‍റെ വിമര്‍ശനവീഥികളിലും നിരവധി ലഘുലേഖകളിലും നടുവത്തുശ്ശേരിലച്ചന്‍ വെളിപ്പെടുത്തിയ വസ്തുതകളാണു മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചു കേരളീയര്‍ക്കു ലഭിച്ച മികച്ച സ്റ്റഡി ക്ലാസ്സുകള്‍. സത്യദീപത്തിന്‍റെ മുഖപ്രസംഗങ്ങളും വിമര്‍ശനപംക്തികളും ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിത്തറയുടെ ബലം വെളിപ്പെടുത്താന്‍ ഒട്ടൊന്നുമല്ല സഹായിച്ചത്.

ചേര്‍ത്തല താലൂക്കിന്‍റെ വടക്കു-പടിഞ്ഞാറു ഭാഗത്തുള്ള എഴുപുന്ന കരയില്‍ നടുവത്തുശ്ശേരി തറവാട്ടില്‍ വര്‍ഗീസ്-റോസ ദമ്പതികളുടെ മൂത്ത മകനായി 1883 ജൂണ്‍ 6-ാം തീയതി സ്മര്യപുരുഷന്‍ ഭൂജാതനായി. (50-കളില്‍ ദീപിക പത്രാധിപരായിരുന്ന നിവര്‍ത്തന പ്രക്ഷോഭണ നേതാവ് അഡ്വ. എന്‍. വി. ജോസഫ്, നടുവത്തുശ്ശേരി, സ്മര്യപുരുഷന്‍റെ നേരെ ഇളയ അനുജനാണ്). 1900-ല്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് സ്കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ കേരള കത്തോലിക്കാസഭ ഒരു പരിവര്‍ത്തനത്തിനു വിധേയമാകുകയായിരുന്നു. സുറിയാനിക്കാരെ ലത്തീന്‍ ഭരണത്തില്‍നിന്നു വിടുവിച്ച് അവര്‍ക്കായി എറണാകുളം, തൃശൂര്‍, ചങ്ങനാശ്ശേരി എന്നീ സുറിയാനി രൂപതകള്‍ക്കു കീഴിലാക്കിയ സന്ദര്‍ഭമായിരുന്നു അത്.

എറണാകുളം രൂപതാദ്ധ്യക്ഷനായ മാര്‍ ളൂയീസ് പഴേപറമ്പില്‍ പിതാവു് തന്‍റെ സമൂഹത്തിന്‍റെ അഭിവൃദ്ധിക്കായി ഒരു പെറ്റിസെമിനാരി ആരംഭിച്ചു. അതില്‍ വൈദികവിദ്യാര്‍ത്ഥിയായി ആദ്യം പേരെഴുതിച്ചതു ജേക്കബ് നടുവത്തുശ്ശേരിയായിരുന്നു. ലത്തീന്‍ ഭാഷാപഠനത്തില്‍ തെളിയിച്ച സാമര്‍ത്ഥ്യവും സ്വഭാവവൈശിഷ്ട്യവും കണ്ടു സന്തോഷിച്ചു രൂപതാദ്ധ്യക്ഷന്‍ ബ്രദര്‍ ജേക്കബിനെ കാണ്ടി സെമിനാരിയിലേയ്ക്കയച്ചു. കാണ്ടിയിലെ എട്ടു കൊല്ലത്തെ പരിശീലനത്തില്‍ ദൈവശാസ്ത്രം, സന്മാര്‍ഗശാസ്ത്രം മുതലായവയിലെന്നപോലെ സാഹിത്യാദികലകളിലും അസാമാന്യ വൈഭവം നേടിയ ബ്രദര്‍ എന്‍. വി. ജേക്കബ്, കാണ്ടി രൂപതാദ്ധ്യക്ഷനില്‍ നിന്ന് 1909 ഡിസംബര്‍ 18-ാം തീയതി വൈദികപട്ടം സ്വീകരിച്ചു.

എറണാകുളത്തു മടങ്ങിയെത്തിയ നടുവത്തുശ്ശേരിലച്ചനെ പഴേപറമ്പില്‍ പിതാവു് എറണാകുളം തിരുഹൃദയ പെറ്റി സെമിനാരിയുടെ റെക്ടറായി നിയമിച്ചു. കൊരട്ടി, പുത്തന്‍പള്ളി, എറണാകുളം കത്തിഡ്രല്‍ പള്ളി എന്നിവിടങ്ങളില്‍ വികാരിയായിരുന്നതിനുശേഷമാണു മുദ്രണാലയ പ്രേഷിതത്വത്തിലേക്ക് അദ്ദേഹം പ്രവേശിച്ചത്.

സംഭവബഹുലമായിരുന്നു നടുവത്തുശ്ശേരിലച്ചന്‍റെ തുടര്‍ന്നുള്ള ജീവിതം. ഓര്‍ത്തഡോക്സ് ക്രൈസ്തവസഭകളുടെ കത്തോലിക്കാസഭയിലേക്കുള്ള പുനരൈക്യത്തിനു വാതില്‍ തുറന്നവരിലൊരാള്‍ നടുവത്തുശ്ശേരിലച്ചനായിരുന്നു. ഐ. സി.-ദാനിയേല്‍ കേസില്‍ കത്തോലിക്കാസഭയ്ക്ക് അനുകൂലമായ കോടതിവിധി നേടിയെടുത്തതു നടുവത്തുശ്ശേരിലച്ചന്‍ സാക്ഷി എന്ന നിലയില്‍ കോടതിയില്‍ ഹാജരാക്കിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു. ഈദൃശ നിസ്തുലസേവനങ്ങളെ ആദരിച്ച് 1936-ല്‍ 11-ാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തിനു മോണ്‍സിഞ്ഞോര്‍ പദവി നല്കി.

രണ്ടാം ലോകമഹായുദ്ധം മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടത്തില്‍ കൊച്ചി നഗരം ബോംബാക്രമണത്തിനിരയാകുമെന്നൊരു ശങ്കയുണ്ടായി. അപ്പോള്‍ വൃദ്ധരും സമര്‍ത്ഥരുമായ ഏതാനും വൈദികരെ കൊച്ചിയില്‍ നിന്നും മാറിത്താമസിക്കാന്‍ മെത്രാപ്പോലീത്താച്ചന്‍ കണ്ടത്തില്‍ ആഗുസ്തിനോസ് പിതാവു് അനുവദിച്ചു. വിന്‍സെന്‍ഷ്യന്‍ സഭയുടെ മാതൃഗൃഹമായ വൈക്കത്തെ തോട്ടകം ആശ്രമദേവാലയത്തിലേക്കു നടുവത്തുശ്ശേരിലച്ചന്‍ വാര്‍ദ്ധക്യ വിശ്രമാര്‍ത്ഥം താമസം മാറ്റി. എറണാകുളത്തു സത്യദീപത്തിന്‍റെ സഹപത്രാധിപരായി ജോസഫ് പറേക്കാട്ടിലച്ചനെ നിയമിച്ചു. തോട്ടകത്തു ചെന്ന ശേഷവും സത്യദീപത്തിലെ വിമര്‍ശനവീഥിയും മുഖപ്രസംഗപംക്തിയും എഴുതി അയച്ചുകൊണ്ടിരുന്നു.

വാര്‍ദ്ധക്യസഹജമായ അവശതകളുടെ മൂര്‍ദ്ധന്യത്തില്‍ 1967 ജൂലൈ 30-ാം തീയതി രാവിലെ നടുവത്തുശ്ശേരിലച്ചന്‍ നിത്യജീവനിലേക്കു പ്രവേശിച്ചു. തോട്ടകം ആശ്രമദേവാലയത്തിനുള്ളില്‍ ഒരു പ്രത്യേക കല്ലറയില്‍ മൃതദേഹം സംസ്കരിച്ചു. ജൂലൈ 31-ാം തീയതി തിങ്കളാഴ്ചയായിരുന്നു ശവസംസ്കാരം.

നടുവത്തുശ്ശേരിലച്ചന്‍റെ വിശിഷ്ട ഗ്രന്ഥങ്ങള്‍ക്കു പുതിയ പതിപ്പുകളിറക്കുന്നതിനോ സഭയ്ക്കു കരുത്തേകി താങ്ങിനിര്‍ത്തിയ ആ മഹാപ്രതിഭയ്ക്ക് ഉചിത സ്മാരകങ്ങള്‍ നിര്‍മിക്കുന്നതിനോ നമുക്കു കഴിഞ്ഞിട്ടില്ലല്ലോ എന്ന നെടുവീര്‍പ്പില്‍ ഈ ചരമ സുവര്‍ണ ജൂബിലിസ്മരണയ്ക്കു വിരാമമിടുന്നു.


No comments:

Post a Comment

Comments are supervised, and will only appear after approval.